Latest Updates

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പുകേസില്‍ നടന്‍ സൗബിന്‍ ഷാഹിറടക്കം മൂന്ന് പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരായ ഹര്‍ജിയില്‍ ഇടപെടാതെ സൂപ്രീം കോടതി. ഇത് സിവില്‍ തര്‍ക്കമല്ലേ, ആര്‍ബിട്രേഷന്‍ നിലനില്‍ക്കുകയാണല്ലോ എന്ന് ആരാഞ്ഞുകൊണ്ടാണ് കോടതി മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. ഇതോടെ ഹര്‍ജി പിന്‍വലിച്ചു. പരാതിക്കാരന്‍ സിറാജാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സിനിമയുടെ ലാഭത്തില്‍ 40 ശതമാനം വാഗ്ദാനം ചെയ്ത് തന്നില്‍ നിന്നും ഏഴ് കോടി രൂപ തട്ടിയെന്നാണ് സിറാജിന്റെ പരാതി. സിനിമയുടെ നിര്‍മാണ ഘട്ടത്തിലാണ് സിറാജില്‍ നിന്നും പണം വാങ്ങിയത്. എന്നാല്‍ ഈ വാഗ്ദാനം ലംഘിക്കപ്പെട്ടുവെന്നാണ് സിറാജ് പറയുന്നത്. അതേസമയം സിറാജ് വാഗ്ദാനം ചെയ്ത സമയത്ത് പണം നല്‍കിയില്ലെന്നും ഇത് മൂലം ഷൂട്ടിങ് മുടങ്ങിയെന്നും അതിനാലാണ് ലാഭ വിഹിതം നല്‍കാത്തതെന്നുമാണ് നിര്‍മാതാക്കള്‍ പറയുന്നത്. സൗബിനൊപ്പം പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കുമെതിരെയാണ് കേസ്. കേസില്‍ മൂവര്‍ക്കും ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിറാജ് സുപ്രീം കോടതിയെ സമീപിച്ചത്.

Get Newsletter

Advertisement

PREVIOUS Choice